ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു
Monday, January 8, 2024 11:04 PM IST
ബെർലിൻ: ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ (78) അന്തരിച്ചു. ആധുനിക ഫുട്ബോളിലെ സ്വീപ്പർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ജർമനിയുടെ എക്കാലത്തെയും മികച്ച താരമാണ് വിടവാങ്ങിയത്.
കളികളത്തിൽ പ്രതിരോധ നിരയിലെ മിന്നും താരമായിരുന്നു ബോവർ. 103 മത്സരങ്ങളിലാണ് പശ്ചിമ ജർമനിക്കായി അദ്ദേഹം പന്ത് തട്ടിയത്. രണ്ട് തവണ യൂറോപ്യൻ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടു.
1974 ൽ ക്യാപ്റ്റനായും 1990 ൽ പരിശീലകനായും ജർമനിക്ക് ലോകകപ്പ് സമ്മാനിച്ചു. ബോവറാണ് ഈ നേട്ടം സ്വന്തമാക്കിയ ലോക ഫുട്ബോളിലെ മൂന്നു താരങ്ങളിൽ ഒരാൾ. ആരാധകർക്കിടയിൽ കൈസർ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 2006 ൽ ജർമനിയിൽ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ അഴിമതി ആരോപണം ഉയർന്നുവന്നിരുന്നു.
നാല് ബൂണ്ടസ് ലീഗ, ജർമൻ കപ്പ്, മൂന്ന് തവണ യൂറോപ്യൻ കപ്പ്, ഇന്റർ കോണ്ടിനെന്റൽ കപ്പ്, യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് എന്നീ നേട്ടങ്ങളിൽ അദ്ദേഹം പങ്ക് വഹിച്ചു.