ഗോൾഡൻ ഗ്ലോബിൽ തിളങ്ങി "ഓപ്പൺഹെയ്മർ'; നോളൻ സംവിധായകൻ, സിലിയൻ മർഫി നടൻ
Monday, January 8, 2024 9:12 AM IST
കാലിഫോർണിയ: 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഓപ്പൺഹെയ്മർ എന്ന ചിത്രം സംവിധാനം ചെയ്ത് ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അർഹനായി.
മികച്ച സംവിധായകൻ, നടൻ, സഹനടൻ, ഒറിജിനൽ സ്കോർ വിഭാഗങ്ങളിലെല്ലാം പുരസ്കാരങ്ങൾ ഓപ്പൺഹെയ്മർ സ്വന്തമാക്കി. ജെ. റോബർട്ട് ഓപ്പൺഹെയ്മറെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ കിലിയൻ മർഫിയാണ് മികച്ച നടൻ. പുവർ തിംഗ്സ് എന്ന ചിത്രത്തിലൂടെ എമ്മ സ്റ്റോൺ മികച്ച നടിക്കുള്ള പുരസ്കാരം നേടി.
ഓപ്പൺഹെയ്മറിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ദ ഹോള്‍ഡോവര്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാവിന് ജോയ് റാന്‍ഡോള്‍ഫാണ് മികച്ച സഹനടി.
ദ് ബോയ് ആൻഡ് ദ് ഹീറോ ആണ് മികച്ച അനിമേഷൻ ചിത്രം. അനാട്ടമി ഓഫ് ഫാളിലൂടെ ജസ്റ്റിൻ ട്രൈറ്റും ആർതർ ഹരാരിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. അനാട്ടമി ഓഫ് ഫാളിനാണ് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം.
ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ മികച്ച നടിയും നടനും ബീഫ് എന്ന് സീരീസില്‍ നിന്നാണ്. അലി വോംഗ്, സ്റ്റീവന്‍ യൂംഗ് എന്നിവര്‍ക്കാണ് പുരസ്കാരം.
ടിവി സീരീസ് വിഭാഗത്തില്‍ സഹനടിയായി ദ ക്രൗണ്‍ എന്ന ടിവി സീരീസിലെ അഭിനയത്തിന് എലിസബത്ത് ഡെബിക്കി പുരസ്കാരത്തിന് അര്‍ഹയായി. മികച്ച നടനായി സക്സഷന്‍ എന്ന സീരീസിലെ അഭിനയത്തിന് മാത്യു മക്ഫാഡിയനും അര്‍ഹനായി.