സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ പണ്ഡിതന്മാർ ശ്രമിക്കരുത്: ജിഫ്രി മുത്തുക്കോയ തങ്ങൾ
Sunday, January 7, 2024 9:57 PM IST
തൃശൂർ: മുൻഗാമികൾ ചെയ്ത നന്മകൾ കാത്തുസൂക്ഷിക്കണം, പരസ്പരം കലഹമുണ്ടാക്കാതെ സമുദായം ഒരുമിച്ച് നിൽക്കണമെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജിൽ നടന്ന സമാപന സമ്മേളനത്തിലാണ് തങ്ങളുടെ പരാമർശം.
സമുദായത്തിൽ ഭിന്നപ്പുണ്ടാക്കാൻ പണ്ഡിതന്മാർ ശ്രമിക്കരുത്. ദീനിന്റെ നിലനിൽപ്പിന് ആവശ്യമായ നന്മകൾ ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും തങ്ങൾ പറഞ്ഞു. സമസ്തക്ക് മുൻകാലത്ത് ബന്ധമുണ്ടായിരുന്ന സംഘടനകളുമായി, ബന്ധം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
സ്ഥാനങ്ങൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല പണ്ഡിതന്മാരുടെ മഹത്വം അളകേണ്ടത്, മറിച്ച് മതപരമായി എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് മഹത്വത്തിന്റെ അടിസ്ഥാനമെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി.
പണ്ഡിതന്മാരും നേതാക്കളും ഒരുമിച്ച് പ്രവർത്തിച്ചാണ് പട്ടിക്കാട് ജാമിഅ നൂരിയ പടുത്തുയർത്തിയത്. പരസ്പരമുള്ള വിദ്വേഷം ഒഴിവാക്കി മുന്നോട്ട് പോകണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.