"വാർണർ ഷോ’ ഇനിയില്ല; വിരമിക്കൽ ടെസ്റ്റിൽ അർധസെഞ്ചുറി
Saturday, January 6, 2024 5:27 PM IST
സിഡ്നി: ഓസ്ട്രേലിയൻ വെറ്ററൻ ഓപ്പണർ ഡേവിഡ് വാർണർ 13 വർഷത്തെ ടെസ്റ്റ് കരിയറിനോട് വിട പറഞ്ഞു. പാക്കിസ്ഥാനെതിരേ നടന്ന മൂന്നാം ടെസ്റ്റിൽ അർധ സെഞ്ചുറിയോടെയാണ് താരം പടിയിറങ്ങുന്നത്. സാജിദ് ഖാന്റെ പന്തിൽ എൽബിഡബ്ല്യു ആയാണ് താരം പുറത്തായത്.
മത്സരത്തിന്റെ 25ാം ഓവറിൽ സാജിദ് ഖാന്റെ പന്തിൽ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് നല്‍കിയില്ല. എന്നാൽ ഡിആർഎസിൽ തേർഡ് അംപയർ ഔട്ട് പ്രഖ്യാപിക്കുകയായിരുന്നു. വിജയത്തിന് 12 റണ്സരികെയാണ് വാർണർ പുറത്താകുന്നത്. നിറഞ്ഞ കൈയടികളോടെ ഗാലറിയും, ഗാർഡ് ഓഫ് ഓണർ നല്കി ഇരു ടീം അംഗങ്ങളും താരത്തെ ആദരിച്ചു.
വാർണറുടെ മികവിൽ ഓസീസ് പാക്കിസ്ഥാനെതിരേ വിജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ 75 പന്തിൽ നിന്ന് 57 റണ്‍സുമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് സ്വപ്ന തുല്യമായ വിടവാങ്ങലാണ് താരം നടത്തിയത്. 112 ടെസ്റ്റുകളിൽ നിന്നായി 26 സെഞ്ചുറിയും 37 അർധസെഞ്ചുറികളും ഉൾപ്പെടെ 8,786 റണ്‍സാണ് വാർണറുടെ സംഭാവന. 2011 ൽ ന്യൂസിലാൻഡിനെതിരേ ബ്രിസ്ബേനിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വാർണർ ഓസീസ് റണ്‍വേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമനായാണ് മടങ്ങുന്നത്.
നേരത്തെ, ഏകദിനത്തിൽ നിന്നും ഡേവിഡ് വാർണർ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് വിരമിക്കൽ തീരുമാനമെന്നും താരം അറിയിച്ചിരുന്നു. 161 ഏകദിന മത്സരങ്ങളും 99 ട്വന്റി-20 കളിലും ഓസീസിനായി പാഡണിഞ്ഞ വാർണർ യഥാക്രമത്തിൽ 6,932 , 2894 റണ്‍സ് സ്വന്തമാക്കിയിരുന്നു.