മഹാദേവ് ആപ്പ് കേസ്; ഭൂപേഷ് ഭാഗേലിനെ പ്രതി ചേർത്ത് ഇഡി
Saturday, January 6, 2024 4:13 PM IST
റായ്പൂർ: മഹാദേവ് ആപ്പ് അഴിമതി കേസിൽ മുൻ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെ പ്രതി ചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ചാണ് കേസ്. ഭാഗേലിന് പുറമെ മഹാദേവ് ആപ്പ് പ്രമോട്ടർ ശുഭം സോനി, അനിൽ കുമാർ അഗ്രവാൾ എന്ന അതുൽ അഗ്രവാൾ, രോഹിത് ഗുഹാതി, ഭിം സിംഗ് യാദവ്, അസിം ദാസ് എന്നിവരും പ്രതി പട്ടികയിലുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇഡി പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മഹാദേവ് വാതുവെയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട് ഭൂപേഷ് ഭാഗേൽ 508 കോടി രൂപ കൈകൂലി വാങ്ങിയതായി ആപ്പ് പ്രമോട്ടർ ശുഭം സോനി മൊഴി നല്കിയിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ സോനി നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
മുൻ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭാഗേലിന് കൈമാറാനുള്ള ആറ് കോടി രൂപയാണ് ഇഡി പിടിച്ചെടുത്തതെന്നും ദാസ് സമ്മതിച്ചിരുന്നതായും കുറ്റപത്രത്തിൽ ചുണ്ടിക്കാട്ടുന്നു. സംഭവ ദിവസത്തെ ഫോണ് സന്ദേശവും ഇഡി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നവംബറിൽ ചത്തീസ്ഗഡിൽ ഇഡി നടത്തിയ റെയ്ഡിൽ 5.39 കോടി രൂപ കണ്ടെത്തിയിരുന്നു. പിന്നാലെ അസിം ദാസ് അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ഭാഗേലിന് പണം നല്കിയ വിവരം ലഭിച്ചതെന്നും ഇഡി വ്യക്തമാക്കി. അന്നത്തെ ഭരണകക്ഷിയായ കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി വലിയ തുകകൾ ഇയാൾ എത്തിച്ചതായും ഇഡി ആരോപിച്ചിരുന്നു.