നവകേരള സദസിനായി പറവൂർ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു
Thursday, January 4, 2024 9:28 PM IST
എറണാകുളം: നവകേരള സദസിനായി പറവൂർ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക സ്വകാര്യ കന്പനി തിരിച്ചടച്ചു. ഒരുലക്ഷം രൂപയാണ് സെക്രട്ടറി പരിപാടിക്കായി അനുവദിച്ചത്. ഈ തുക കൈപ്പറ്റിയ സ്വകാര്യ കന്പനിയാണ് കോടതിയുടെ വിമർശനത്തെ തുടർന്ന് പണം തിരിച്ചടച്ചത്.
അത്താണിയിലെ സിനാരിയോ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്കായിരുന്നു നഗരസഭാ സെക്രട്ടറി പണം നൽകിയത്. തുടർന്ന് കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണ് സെക്രട്ടറി പണം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ ചെയർപേഴ്സണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സെക്രട്ടറിയുടെ നടപടി ചട്ടലംഘനമാണെന്ന് കോടതി വിമർശിച്ചതോടെയാണ് പണം തിരിച്ചടച്ചത്.
തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിനായി ഒരു ലക്ഷം രൂപ നൽകണമെന്നായിരുന്നു നിർദേശം. തുടർന്ന് പറവൂർ നഗരസഭ പണം നൽകാൻ തീരുമാനിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ നവകേരളസദസിന് പണം അനുവദിച്ചത് വിവാദമായതോടെയാണ് കൗണ്‍സിൽ നിർദേശം പിൻവലിച്ചത്. എന്നാൽ കൗണ്‍സിൽ തീരുമാനം അംഗീകരിക്കാതെ സെക്രട്ടറി പണം നൽകുകയായിരുന്നു.