വൈ.എസ്. ശർമിള കോൺഗ്രസിൽ; സ്വീകരിച്ച് ഖാർഗെയും രാഹുലും
Thursday, January 4, 2024 2:57 PM IST
ന്യൂഡൽഹി: ആന്ധ്ര മുൻമുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശർമിളയുടെ വൈഎസ്ആർ തെലുങ്കാന പാർട്ടി കോൺഗ്രസിൽ ലയിച്ചു.
എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ശര്‍മിളയെ സ്വീകരിച്ചു. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് ശര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
പാര്‍ട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശര്‍മിള പറഞ്ഞു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണണമെന്നത് തന്റെ പിതാവിന്റെ ആഗ്രഹമായിരുന്നുവെന്നും അതിനുവേണ്ടി പ്രയത്നിക്കുമെന്നും ശർമിള മാധ്യമങ്ങളോടു പറഞ്ഞു.
ആന്ധ്രപ്രദേശ് കോണ്‍ഗ്രസിനു നേതൃത്വം നല്‍കാനാണ് ഹൈക്കമാൻഡ് ശർമിളയ്ക്കു നിർദേശം നല്‍കിയിരിക്കുന്നത്. എഐസിസിയിൽ ഉന്നത സ്ഥാനവും കർണാടകയിൽനിന്ന് രാജ്യസഭാ സീറ്റുമാണ് ശർമിളയ്ക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം.
ശർമിള നേതൃത്വമേറ്റെടുത്താൽ വൈഎസ്ആർ കോണ്‍ഗ്രസിലെ നിരവധി വിമത നേതാക്കൾ കോണ്‍ഗ്രസിൽ ചേരാൻ തയാറെടുത്തുകഴിഞ്ഞു. ഈയിടെ പാർട്ടി വിട്ട രാമകൃഷ്ണ റെഡ്ഢി കോണ്‍ഗ്രസിൽ ചേരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ബിജെപിക്കെതിരേ നിർണായക പോരാട്ടത്തിന് തയ്യാറെടുക്കുന്ന വേളയിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷയെ പോലുള്ള വലിയൊരു പദവി ശർമിളയ്ക്ക് നൽകുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
2012ൽ ആന്ധ്രാപ്രദേശിൽ നിന്ന് തെലുങ്കാന വിഭജിച്ചിട്ടില്ലാത്ത സമയത്താണ് ശർമിള ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. സംസ്ഥാന രൂപീകരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, ജഗൻമോഹൻ റെഡ്ഡി കോൺഗ്രസുമായി വേർപിരിഞ്ഞ് വൈഎസ്ആർ കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. അദ്ദേഹത്തോടൊപ്പം 18 എംഎൽഎമാരും ഒരു കോൺഗ്രസ് എംപിയും രാജിവച്ചു. ഇത് നിരവധി ഉപതെരഞ്ഞെടുപ്പുകൾക്ക് വഴിയൊരുക്കി.
അഴിമതിക്കേസിൽ ജഗൻമോഹൻ റെഡ്ഡി ജയിലിലായതോടെ അദ്ദേഹത്തിന്റെ അമ്മ വൈ.എസ്. വിജയമ്മയും സഹോദരി വൈ.എസ്. ശർമിളയും പ്രചാരണത്തിന് നേതൃത്വം നൽകി. തെരഞ്ഞെടുപ്പിൽ പാർട്ടി തൂത്തുവാരി.
ഒൻപത് വർഷത്തിന് ശേഷം, 2021 ൽ, തന്റെ സഹോദരനുമായി തനിക്ക് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ശർമിള പറഞ്ഞു. തെലുങ്കാനയിൽ വൈഎസ്ആർ കോൺഗ്രസിന് സാന്നിധ്യമില്ലെന്ന് ഊന്നിപ്പറഞ്ഞ അവർ ആ വർഷം ജൂലൈയിൽ വൈഎസ്ആർ തെലുങ്കാന പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെതിരെ പ്രചാരണം ആരംഭിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് തെലുങ്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശർമിള പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺഗ്രസിന് നല്ല സാഹചര്യമുണ്ടെന്നും അതിനെ തുരങ്കം വയ്ക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ അന്ന് പറഞ്ഞിരുന്നു.