ക്യാപ്റ്റന്‍ അടക്കം ഏഴ് പുതുമുഖങ്ങള്‍! ടെസ്റ്റ് ക്രിക്കറ്റിന് മരണമണിയെന്ന് പ്രമുഖര്‍; ലോക ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ സംഭവം ഇങ്ങനെ...
അനീഷ് ആലക്കോട്
Thursday, January 4, 2024 2:15 PM IST
ട്വന്റി-20, ഏകദിനം, ടെസ്റ്റ്... ഇതില്‍ ഏത് ക്രിക്കറ്റ് കളി കാണാനാണ് നിങ്ങള്‍ക്ക് താത്പര്യം. നാല് മണിക്കൂറിനുള്ളില്‍ ഫലം അറിയുന്നതോ, ഒരു ദിവസം കൊണ്ട് ഫലം അറിയുന്നതോ, അഞ്ച് ദിനം കൊണ്ട് അറിയുന്നതോ എന്നതാണ് ചോദ്യം... ക്രിക്കറ്റിന്റെ സൗന്ദര്യം ടെസ്റ്റിലും ഏകദിനത്തിലുമാണെന്നതില് തര്‍ക്കമില്ല, പക്ഷേ, സമയമില്ലെങ്കില്‍ എന്ത് ചെയ്യും, അല്ലേ...
ഏതായാലും ട്വന്റി-20 ക്രിക്കറ്റിന്റെ വരവ് ഏകദിന ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനും ഭീഷണിയാണെന്ന് നേരത്തേ അഭിപ്രായം ഉയര്‍ന്നിരുന്നു എന്നത് വാസ്തവം. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലുന്ന തരത്തിലേക്ക് ട്വന്റി-20 വളര്‍ന്നു എന്നതിന്റെ സൂചനയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ലഭിച്ചത്. 2024 പുതുവര്‍ഷത്തിന്റെ ആദ്യ ചോദ്യവും ഇതുതന്നെ, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയ്തത് ശരിയോ തെറ്റോ...
എന്താണ് ചെയ്തത് എന്ന് അറിഞ്ഞാല്‍ മാത്രമല്ലേ അത് ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ സാധിക്കൂ എന്നാണെങ്കില്‍ സംഭവം ഇങ്ങനെ: ന്യൂസിലന്‍ഡിന് എതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്ക അയയ്ക്കുന്ന 14 അംഗ ടീമില്‍ ഏഴ് പേരും പുതുമുഖങ്ങള്‍. ക്യാപ്റ്റനായി പ്രഖ്യാപിച്ച നീല്‍ ബ്രാന്‍ഡ് അടക്കമുള്ള ഏഴ് കളിക്കാരാണ് രാജ്യാന്തര ടെസ്റ്റ് പരിചയമില്ലാതെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടത്.
ഭാവി താരങ്ങളെ വാര്‍ത്തെടുക്കുകയല്ലേ എന്ന് സംശയമുണ്ടെങ്കില്‍ അങ്ങനെ അല്ല, ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലീഗില്‍ പ്രമുഖ താരങ്ങള്‍ക്കു പങ്കെടുക്കേണ്ടതിനാലാണിത് എന്നതാണ് വാസ്തവം. ടീമിലുള്ള ഏഴ് പരിചയ സമ്പന്നരാണെങ്കില്‍ കാര്യമായ പ്രകടനം കാഴ്ചവച്ചവരുമല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് 14 അംഗ ടീമിനെ ദക്ഷിണാഫ്രിക്ക തട്ടിക്കൂട്ടിയിരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊല്ലുകയാണെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ അടക്കം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് എതിരേ രംഗത്തെത്തി.
ന്യൂസിലന്‍ഡ് പോലെയുള്ള അതിശക്തമായ ടെസ്റ്റ് ടീമിന് എതിരേയാണ് കുട്ടിക്കളിയുമായി ദക്ഷിണാഫ്രിക്ക ഇറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ന്യൂസിലന്‍ഡ് ടീമില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ദക്ഷിണാഫ്രിക്കന്‍ ടീമിന് എതിരേ ടെസ്റ്റ് കളിക്കില്ലായിരുന്നു എന്നും സ്റ്റീവ് വോ പറഞ്ഞു. അതെ, അങ്ങനെയാണ് ഇത്തരത്തിലുള്ള നീക്കങ്ങളോട് പ്രതികരിക്കേണ്ടത് എന്നതും പരമാര്‍ഥം.
ദക്ഷിണാഫ്രിക്ക ഇത്തരത്തില്‍ ട്വന്റി-20 ലീഗിനായി വഴിവിട്ട രീതി അവലംബിക്കുന്നത് ഇതാദ്യമല്ല. 2022ല്‍ പ്രഥമ ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലീഗിനായി ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചവരാണ് അവര്‍. അതും 2023 ഐസിസി ഏകദിന ലോകകപ്പ് യോഗ്യതയ്ക്കുള്ള പോരാട്ടമായിട്ടുകൂടി.
2023-25 ഐസിസി ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള മത്സരമാണ് ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡില്‍ നടക്കുന്നത്. ഫെബ്രുവരി 4-8, 13-17 എന്നീ തീയതികളിലാണ് ന്യൂസിലന്‍ഡ് x ദക്ഷിണാഫ്രിക്ക രണ്ട് മത്സര ടെസ്റ്റ് പരമ്പര അരങ്ങേറുക. ക്രിക്കറ്റ് ലോകം ഒന്നടങ്കം വിമര്‍ശിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയ്ക്ക് (സിഎസ്എ) യാതൊരു കുലുക്കവും ഇല്ല.
സൗത്ത് ആഫ്രിക്ക ട്വന്റി-20 യുടെ രണ്ടാം എഡിഷന് ജനുവരി 10 മുതല്‍ ഫെബ്രുവരി 10വരെയാണ്. എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ് ആണ് നിലവിലെ ചാമ്പ്യന്മാര്.