കുട്ടികൾ തോട്ടത്തിൽകയറി പൂക്കൾ പറിച്ചു; സ്ഥലമുടമ അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് മുറിച്ചു
Wednesday, January 3, 2024 12:43 PM IST
ബെലാഗവി: കുട്ടികൾ തന്റെ പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന്റെ ദേഷ്യത്തിൽ സ്ഥലമുടമ അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറത്തു. ബെലഗാവി ജില്ലയിലെ ബസുർട്ടെ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
അമ്പതുകാരിയായ സുഗന്ധ മോറെയുടെ കുട്ടികൾ തന്റെ തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചെന്ന് ആരോപിച്ച് ഉടമയായ കല്യാണി മോറെ അവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഒടുവിൽ പ്രകോപിതയായ കല്യാണി കത്തിയെടുത്ത് സുഗന്ധയുടെ മൂക്കിൽ വെട്ടുകയായിരുന്നു.
അമിത രക്തസ്രാവത്തെ തുടർന്ന് സുഗന്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.