മന്ത്രി പരാമര്‍ശം തിരുത്തിയത് സ്വാഗതാര്‍ഹം; അനാവശ്യവിവാദം ഒഴിവാക്കാമായിരുന്നെന്നും കെസിബിസി
Tuesday, January 2, 2024 3:48 PM IST
തിരുവനന്തപുരം: ബിഷപ്പുമാര്‍ക്കെതിരായ വിവാദപരാമര്‍ശം മന്ത്രി സജി ചെറിയാന് തിരുത്തിയത് സ്വാഗതാര്‍ഹമെന്ന് കെസിബിസി (കേരള കത്തോലിക്കാ മെത്രാന് സമിതി) അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. അനാവശ്യവിവാദം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
സജി ചെറിയാന്റെ പരാമർശത്തിനെതിരേ കെസിബിസി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് പ്രസ്താവന പിൻവലിച്ചുകൊണ്ട് മന്ത്രി രംഗത്തെത്തിയത്. ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനേക്കുറിച്ച് മന്ത്രി ബഹുമാനമില്ലാതെ സംസാരിച്ചത് ഉചിതമായില്ലെന്ന് ഏറ്റവും തീവ്രതയോടെ താന്‍ സര്‍ക്കാരിനെ അറിയിക്കുകയാണെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രതികരിച്ചിരുന്നു.
മന്ത്രി പരാമര്‍ശം പിന്‍വലിച്ച് അതിന് വിശദീകരണം നല്‍കുന്നതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെ വാർത്താസമ്മേളനം വിളിച്ച് ബിഷപ്പുമാർക്കെതിരായ കേക്ക്, വീഞ്ഞ് പരാമർശം പിൻവലിക്കുന്നതായി മന്ത്രി അറിയിക്കുകയായിരുന്നു