ആശങ്കയായി കോവിഡ്; രാജ്യത്ത് പ്രതിവാര കണക്കുകളിൽ 22 ശതമാനം വർധന
Monday, January 1, 2024 11:31 AM IST
ന്യൂഡൽഹി: രാജ്യത്ത് പ്രതിവാര കോവിഡ് കണക്കുകളിൽ 22 ശതമാനം വർധന രേഖപ്പെടുത്തി. 4,652 കേസുകളാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെയുള്ള തീയതികളിലെ കണക്കാണിത്.
അതിനു മുമ്പത്തെ ആഴ്ചയിൽ 3818 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ചത്തെ പ്രതിദിന കണക്ക് 841 ആയിരുന്നു.
ഒരാഴ്ചയ്ക്കിടെ സജീവ കോവിഡ് കേസുകളുടെ എണ്ണത്തിൽ ആറു മടങ്ങ് വർധനയാണുണ്ടായത്. ഡിസംബർ 23ന് സജീവ കേസുകളുടെ എണ്ണം 103 ആയിരുന്നുവെങ്കിൽ 30ന് 620 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ 800 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഏഴുമാസത്തെ കണക്ക് പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. പക്ഷേ 2021ലേതു പോലെ ആശങ്കയുളവാക്കുന്ന രീതിയിലേക്ക് കണക്കുകൾ ഉയർന്നിട്ടില്ലെന്നത് നേരിയ ആശ്വാസം നല്കുന്നുണ്ട്.
കേരളത്തിൽ ആദ്യം കോവിഡ് കേസുകളുടെ എണ്ണം ഉയർന്നിരുന്നു. ഇതാണ് രാജ്യത്തെ കണക്കുകളിലെ കുതിച്ചുചാട്ടത്തിനു കാരണമായത്. ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടന്നതും കേരളത്തിലായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിലെ കേസുകളിൽ 24 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മഹാരാഷ്ട്രയിലെയും കർണാടകയിലെയും കോവിഡ് കേസുകൾ ഉയരുകയാണ്. രണ്ടു സംസ്ഥാനങ്ങളിലെയും പ്രതിദിന കേസുകൾ നൂറിലേക്കെത്തി. കർണാടകയിൽ 309 ൽ നിന്ന് 922 ആയി പ്രതിദിന കേസുകൾ ഉയർന്നു.
മൊത്തം സജീവ കേസുകളിൽ 22% മുംബൈയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ബിഹാറിൽ പത്തുവയസുകാരി കോവിഡ് ബാധിച്ച് മരിച്ചു.
അതേസമയം, കേരളത്തിൽ അടുത്ത രണ്ടാഴ്ച നിർണായകമാണെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അവധിക്ക് ശേഷമേ കോവിഡ് വ്യാപനത്തിന്റെ യഥാർഥ സ്ഥിതി മനസിലാകൂ.
കോവിഡ് ഭീഷണി ഒഴിവാക്കാൻ ജാഗ്രത പാലിക്കാനും മാസ്ക് ധരിക്കാനും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. മുതിർന്ന പൗരന്മാരും ഇതര രോഗങ്ങൾ ഉള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി.