രാജ്യത്ത് പുതിയ 841 കോവിഡ് കേസുകൾ; 227 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്
Sunday, December 31, 2023 11:29 AM IST
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 841 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 227 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. നിലവിൽ ആകെ 4,309 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേരളത്തിലും കർണാടകയിലും ബിഹാറിലും ഓരോ മരണങ്ങൾ വീതമാണ് ഉണ്ടായത്.
ഇതിനിടെ തിരുവനന്തപുരത്ത് നിന്ന് ആഗ്രയിലെത്തിയ വിനോദസഞ്ചാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആഗ്ര കന്റോൺമെന്റ് സ്റ്റേഷനിലെ പരിശോധനക്കിടെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. റാപ്പിഡ് ആന്റിജൻ ടെസ്റ്റിലാണ് ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജസ്ഥാനിലെ ധോൽപുരിലാണ് ഇയാൾ ഇപ്പോഴുള്ളതെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
അതേസമയം, പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ കേരളത്തിൽ കോവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ ഭൂരിഭാഗവും കേരളത്തിലാണ്. ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടക്കുന്ന സംസ്ഥാനവും കേരളമാണ്.
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. കോവിഡ് വകഭേദങ്ങളായ ഒമിക്രോണും ജെഎൻ വണ്ണും ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
ആഘോഷവേളകളിലും ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിലും മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്.