അയോധ്യയിൽ ആരുപോയാലും ഞങ്ങളുടെ വികാരം വ്രണപ്പെടില്ല; സമസ്ത
Saturday, December 30, 2023 4:12 PM IST
കോഴിക്കോട്: അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ക്ഷണവുമായി ബന്ധപ്പെട്ട് പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദത്തിൽ സമസ്തയുടെ നയം വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ.
സുപ്രഭാതത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം സമസ്തയുടെ നിലപാടല്ല. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടത്; പത്രമല്ല.
രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളിൽ സമസ്തയ്ക്ക് അഭിപ്രായമില്ല. ക്ഷണം ലഭിച്ച രാഷ്ട്രീയ പാർട്ടികൾക്ക് തീരുമാനിക്കാം പോകണോ വേണ്ടയോ എന്ന്. അയോധ്യയിൽ ആര് പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെടില്ല. ഏതായാലും സമസ്തയ്ക്ക് ക്ഷണമില്ലെന്നും തങ്ങൾ പറഞ്ഞു.
ക്രിസ്മസ് കേക്കിനെചൊല്ലിയുള്ള വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. അതിനെപ്പറ്റി അടുത്ത ക്രിസ്മസിന് അഭിപ്രായം പറയാം. ആഘോഷത്തിൽ പങ്കെടുക്കുന്നതിന് വിവിധ വശങ്ങളുണ്ട്. മതവിശ്വാസത്തിനോട് എതിരാവാത്ത ഏത് ആഘോഷത്തിലും വിശ്വാസികൾക്ക് പങ്കെടുക്കാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു
’1989 ൽ ചിലർ സംഘടന വിരുദ്ധ പ്രവർത്തനം നടത്തി പുറത്തുപോയി. ഇവർ പുതിയ സംഘടനയുണ്ടാക്കി സമാന്തര പ്രവർത്തനം നടത്തിവരികയാണ്. സമസ്തയുടെ 100 ആം വാർഷികമെന്ന പേരിൽ ഇവർ പരിപാടി നടത്തുന്നുണ്ട്. ഇതുമായി സമസ്തയ്ക്ക് യാതൊരു ബന്ധവുമില്ലന്ന്’ അദ്ദേഹം വ്യക്തമാക്കി.