അധ്യാപകരുടെ ദീർഘകാല അവധിക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ; ഇനി അവധിയെടുക്കണമെങ്കിൽ ശരിക്കും വിയർക്കും
Saturday, December 30, 2023 7:40 AM IST
കണ്ണൂർ: അനധികൃതമായി ദീർഘകാല അവധിയിൽ പ്രവേശിക്കുന്ന അധ്യാപകർക്ക് മൂക്കുകയറിടാൻ വിദ്യാഭ്യാസ വകുപ്പ്.
അധ്യാപകരുടെ ദീർഘകാല അവധി അപേക്ഷകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ദീർഘാവധിക്കുള്ള കാരണം യഥാർഥമാണോയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകണം.
ദീർഘകാല അവധിയിൽ പോകുന്ന പലരും പെൻഷൻ കിട്ടാൻ പാകത്തിൽ തിരികെ സർവീസിൽ പ്രവേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനം. സേവനം ലഭിക്കാതെ തന്നെ പെൻഷൻ നൽകേണ്ട സ്ഥിതിയാണുള്ളത്.
അവധി അപേക്ഷ പ്രഥമാധ്യാപകനും എഇഒ, ഡിഇഒ എന്നിവരും പരിശോധിച്ച് വിദ്യാഭ്യാസ വകുപ്പിലേക്ക് അയയ്ക്കും. അച്ചടക്ക നടപടി നേരിട്ടിരുന്നോ, മുമ്പ് ദീർഘാവധിയെടുത്തിരുന്നോ തുടങ്ങിയവ പരിശോധിച്ച ശേഷമേ അപേക്ഷ പരിഗണിക്കൂ.
2020 ഡിസംബർ 30-ന് പുറത്തിറക്കിയ കേരള സർവീസ് ചട്ടം (കെഎസ്ആർ) പുതുക്കിയ മാർഗരേഖ കർശനമായി നടപ്പാക്കാനാണ് തീരുമാനം.
ഇതുപ്രകാരം ഒന്നുമുതൽ അഞ്ചുവർഷം വരെ ശൂന്യാവധി അനുവദിക്കാം. മുൻപ് 20 വർഷം വരെയായിരുന്നു. അവധി ഒരുവർഷത്തേക്കാണെങ്കിലും പകരം ആളെ നിയമിക്കാം.
അവധി കാലാവധി കഴിഞ്ഞാൽ അതേ സ്കൂളിൽ തിരിച്ച് പ്രവേശിക്കാനാകണമെന്നില്ല. ജില്ലയിലോ പുറത്തോ ഉള്ള ഒഴിവ് അനുസരിച്ചാകും നിയമിക്കുക. ദീർഘാവധി അവസാനിക്കുന്ന മുറയ്ക്ക് തിരികെ ജോലിക്ക് ഹാജരായില്ലെങ്കിൽ കെഎസ്ആർ 12 എ ചട്ടം ഒൻപത് 12സി പ്രകാരം സർവീസിൽ നിന്ന് നീക്കും. ഇത്തരം ഒഴിവിലേക്ക് പിഎസ്സി വഴി നിയമനം നടത്തും.
അടുത്ത അധ്യയനവർഷം മുതൽ ഇത് കർശനമാക്കാനാണ് സർക്കാർ നീക്കം. ദീർഘാവധി അനുവദിക്കണമെങ്കിൽ ചുരുങ്ങിയത് മൂന്നുമാസം മുൻപ് അപേക്ഷിക്കണം. അടുത്ത അധ്യയനവർഷത്തേക്ക് ഇതിനകം നൂറോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
അധ്യാപകരുടെ ഡെപ്യൂട്ടേഷനിലും നിയന്ത്രണം വരുന്നുണ്ട്. ഒരു വർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ സാധാരണ അനുവദിക്കാറെങ്കിലും അഞ്ചുവർഷംവരെ നീളാറുണ്ട്.
ഇക്കാര്യത്തിൽ സർക്കാരെന്നോ എയ്ഡഡ് എന്നോ വ്യത്യാസമില്ല. ഡയറ്റ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സമഗ്രശിക്ഷാ അഭിയാൻ, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എസ്.സി.ഇ.ആർ.ടി.), സാക്ഷരതാ മിഷൻ തുടങ്ങിയവയിലേക്കാണ് അധികം പേരും ഡെപ്യൂട്ടേഷനിൽ പോകുന്നത്. പലരും സംഘടനാ നേതാക്കളുമാണ്. ഇതിലും നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്.