പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം; കടന്നപ്പള്ളിക്ക് തുറമുഖം നൽകിയില്ല
Friday, December 29, 2023 7:49 PM IST
തിരുവനന്തപുരം: മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്ത കെ.ബി. ഗണേഷ്കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും വകുപ്പുകളിൽ അന്തിമ തീരുമാനമായി. കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പുകളാണ് നൽകിയത്.
ഗണേഷ്കുമാറിന് നേരത്തെ തീരുമാനിച്ചതനുസരിച്ച് ഗതാഗത വകുപ്പും നൽകി. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഗവർണർ അംഗീകരിച്ച പുതിയ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നത്.
അഹമ്മദ് ദേവർകോവിൽ വഹിച്ചിരുന്ന തുറമുഖവകുപ്പ് കടന്നപ്പള്ളിക്ക് നൽകിയില്ല. പകരം ഈ വകുപ്പിന്റെ ചുമതല വി.എൻ. വാസവനെ ഏൽപ്പിച്ചു. രജിസ്ട്രേഷൻ വകുപ്പ് കടന്നപ്പള്ളിക്ക് കൈമാറുകയും ചെയ്തു.
സാംസ്കാരിക വകുപ്പ് കൂടി ഗണേഷ്കുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകേണ്ടതില്ല എന്നായിരുന്നു സിപിഎം തീരുമാനം. ഈ തീരുമാനപ്രകാരമുള്ള മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ശിപാർശയാണ് ഗവർണർക്ക് നൽകിയത്.
രണ്ടരവർഷം കാലാവധി പൂർത്തിയായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചതിന് പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.