പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻതട്ടി വിദ്യാർഥിനികൾ മരിച്ചു
Friday, December 29, 2023 3:21 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ പുതുതായി സ്ഥാപിച്ച ട്രാക്കിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടു. പത്താംക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്.
ബാബ്ലി മസാരെ(17), രാധിക ഭാസ്കർ (17) എന്നിവരാണ് മരിച്ചത്. കൈലോഡ് ഹല മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് പെൺകുട്ടികളെ ട്രെയിൻ ഇടിച്ചത്.
സംഭവത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) വിശദമായ അന്വേഷണം നടത്തുമെന്ന് ഡിആർഎം രജനീഷ് കുമാർ പറഞ്ഞു.