രാമക്ഷേത്ര ഉദ്ഘാടനം: കോണ്‍ഗ്രസ് യെച്ചൂരിയുടെ ആര്‍ജവം കാട്ടണമെന്ന് സമസ്ത
Wednesday, December 27, 2023 12:17 PM IST
കോഴിക്കോട്: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെതിരേ രൂക്ഷവിമര്‍ശനവുമായി സമസ്ത. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കില്‍ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും അവരുടെ മുഖപത്രം സുപ്രഭാതം വിമര്‍ശിക്കുന്നു.
തകര്‍ക്കപ്പെട്ട മതേതര മനസുകള്‍ക്ക് മുകളിലാണ് രാമക്ഷേത്രം പണിയുന്നത്. പള്ളി പൊളിച്ചിടത്ത് കാലു വയ്ക്കുമോ കോണ്‍ഗ്രസ് എന്നും സമസത ചോദിക്കുന്നു.
വിഷയത്തില്‍ സിപിഎമ്മിനെ പുകഴ്ത്തിയും സമസ്ത രംഗത്തെത്തി. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആര്‍ജവം സീതാറാം യെച്ചൂരി കാട്ടി. ഈ ആര്‍ജവം സോണിയ ഗാന്ധിയില്‍ നിന്നും പ്രതീക്ഷിക്കാമോ എന്നും അവര്‍ ചോദിക്കുന്നു.
രാജ്യത്തെ മത വല്‍ക്കരിക്കാനുള്ള ബിജെപി ശ്രമത്തില്‍ വീഴാതിരിക്കാന്‍ കോണ്‍ഗ്രസ് ജാഗ്രത കാട്ടണം. അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും സമസ്ത മുന്നറിയിപ്പ് നല്കുന്നു.
അതേ സമയം, അയോധ്യയിലെ ചടങ്ങില്‍ കോൺഗ്രസ് പങ്കെടുക്കുന്ന കാര്യത്തില്‍ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.