അന്‍പോടെ കേരളം: ഇതുവരെ അയച്ചത് ആറു ലോഡ് സാമഗ്രികൾ; ഇനി വേണ്ടത് പാത്രകിറ്റ്
Tuesday, December 26, 2023 1:35 PM IST
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രളയബാധിതര്‍ക്ക് വേണ്ടിയുള്ള കേരളത്തിന്റെ ആറാമത്തെ ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ തൂത്തുക്കുടിയിലെ കളക്ഷൻ സെന്ററിലെത്തി.
ഇന്ന് മൂന്നുമുതൽ അഞ്ച് ലോഡ് വരെ നല്കുവാന് തയാറായിട്ടുണ്ട്. ഇതോടെ ഭക്ഷണസാമഗ്രികളുടെയും ബക്കറ്റ്, മഗ്, ടൂത്ത് ബ്രഷ്, പേസ്റ്റ്, എന്നിവയുടെയും കിറ്റ് വിതരണം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തൂത്തുക്കുടിയില്‍ നിന്നു ലഭിച്ച അറിയിപ്പ് അനുസരിച്ചു നിലവില്‍ ആവശ്യം പാത്രങ്ങള്‍ക്കാണ്. ഒരുകിലോ അരി പാചകം ചെയ്യാവുന്ന അലുമിനിയം കലവും അടപ്പും, ഒരുലിറ്റര്‍ ചായ തിളപ്പിക്കാവുന്ന പാത്രം, രണ്ട് അരികുള്ള സ്റ്റീല്‍ പത്രം, രണ്ട് സ്റ്റീല്‍ ഗ്ലാസ്സ്, ഒരു ചെറിയ ചട്ടുകം, ഒരു തവി, ഒരു ചെറിയ അലുമിനിയം ഉരുളി, ഒരു കത്തി എന്ന നിലയിലാണ് കിറ്റ് തയാറാക്കി വരുന്നത്. 1000 പാത്രകിറ്റ് നല്കാന് ബുധനാഴ്ചയ്ക്കുള്ളിൽ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
സഹായം നല്കാൻ ആഗ്രഹിക്കുന്നവര്‍ ഇന്ന് പാത്ര കിറ്റ് നല്‍കുന്നത് പരിഗണിക്കണമെന്നും ഇന്നത്തോടു കൂടി പൊതു സംഭരണം അവസാനിപ്പിക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയവും തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസുമാണ് കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യത്തിനാണ് ഇതിന്റെ ചുമതല. ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിലാണ് സഹായം നല്‍കുന്നത്