പച്ചക്കറിയെടുത്തതിന് അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ
Monday, December 25, 2023 4:43 PM IST
ഭൂവനേശ്വർ: കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് വയോധികയായ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ സരസപാസി ഗ്രാമത്തിലാണ് സംഭവം.
ഇളയ മകന്റെ കൃഷിയിടത്തിൽ നിന്ന് പറിച്ച പച്ചക്കറി കഴിച്ചതാണ് മകനെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ പ്രതി സ്ത്രീയെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെയും ഇയാൾ ഭീഷണിമുഴക്കിയിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയും സ്ത്രീയെ ചികിത്സക്കായി പ്രദേശത്തെ സ്വകാര്യ ഹെൽത് സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ പ്രതിയായ മകനെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.