ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം; മുംബൈയെ തകർത്ത് കിടിലൻ ജയം
Sunday, December 24, 2023 10:21 PM IST
കൊച്ചി: രണ്ട് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്സിയെ തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11-ാം മിനിറ്റില്‍ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസും ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ക്വാമി പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.
ക്വാമി പെപ്ര ഇടതുവിംഗിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. പെപ്ര ഗോൾ മുഖത്തേക്ക് തിരിയുന്നതിന് അനുസരിച്ച് ഡയമന്റകോസും മുന്നേറിയതോടെ ആദ്യഗോൾ വന്നു. പെപ്ര നൽകിയ പാസിന് മുംബൈ ഗോൾകീപ്പർ ചാടിയെങ്കിലും ഫസ്റ്റ് ടച്ചിൽ തന്നെ ഡയമന്റകോസ് പന്ത് വലയ്ക്കുള്ളിലെത്തിച്ചു. ഇൻജുറി ടൈമിൽ ദ്രിമിത്രിയോസിന്റെ അസിസ്റ്റില്‍നിന്നാണ് പെപ്ര രണ്ടാമത്തെ ഗോള്‍ നേടിയത്.
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും രണ്ട് തോൽവിയും രണ്ട് സമനിലയും ഉൾപ്പെടെ 23 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി എഫ്സി ഗോവയാണ് ഒന്നാം സ്ഥാനത്ത്.