ചരക്ക് കപ്പലിന് നേരേ വീണ്ടും ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരടക്കമുള്ള ജീവനക്കാര്‍ സുരക്ഷിതർ
Sunday, December 24, 2023 12:38 PM IST
ന്യൂഡല്‍ഹി: ചെങ്കടലില്‍വച്ച് ചരക്ക് കപ്പലിന് നേരേ വീണ്ടും ഡ്രോണ്‍ ആക്രമണം. ഗാബോണ്‍ എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ കൊടി വഹിക്കുന്ന എം.വി.സായിബാബ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
കപ്പലിലെ ജീവനക്കാരില്‍ 25 ഇന്ത്യക്കാരാണുള്ളത്. ഇവരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും സേന വ്യക്തമാക്കി. എന്നാൽ കപ്പലിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചോ എന്ന കാര്യം വ്യക്തമല്ല.
ഗുജറാത്ത് തീരത്തിനടുത്ത് മറ്റൊരു ചരക്ക് കപ്പലിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കപ്പലിൽ സ്ഫോടനമുണ്ടായി തീപിടിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിന് സാരമായ തകരാറും ഉണ്ടായി. എന്നാൽ കപ്പലിൽ ഉണ്ടായിരുന്ന 20 ഇന്ത്യാക്കാരടക്കം ആര്‍ക്കും തീ വേഗത്തിൽ അണച്ചതിനാൽ പരിക്കേറ്റില്ല.
വിവരം കിട്ടിയ ഉടൻ ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചിരുന്നു. ഈ കപ്പൽ മുംബൈ തീരത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് മറ്റൊരു കപ്പലിന് നേരേ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.