കപ്പല്‍ ആക്രമണത്തില്‍ പങ്കില്ല; അമേരിക്കയുടെ ആരോപണം തള്ളി ഇറാന്
Sunday, December 24, 2023 9:49 AM IST
ടെഹ്റാൻ: അറബിക്കടലിൽ ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പലിന് നേരേയുണ്ടായ ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ. ഡ്രോണ്‍ ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഇറാന് വിദേശകാര്യസഹമന്ത്രി അലി ബാഘേരി പ്രതികരിച്ചു.
ഹൂതികള്‍ക്ക് അവരുടതേയായ വഴിയുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിനെ ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ്
എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെ നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്.
കപ്പലിൽ സ്ഫോടനമുണ്ടായി തീപിടിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിന് സാരമായ തകരാറും ഉണ്ടായി. എന്നാൽ കപ്പലിൽ ഉണ്ടായിരുന്ന 20 ഇന്ത്യാക്കാരടക്കം ആര്‍ക്കും തീ വേഗത്തിൽ അണച്ചതിനാൽ പരിക്കേറ്റില്ല.
വിവരം കിട്ടിയ ഉടൻ ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചിരുന്നു. മേഖലയിൽ ഉളള എല്ലാ ചരക്കു കപ്പലുകൾക്കും ഇന്ത്യൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇറാനിൽ നിന്നാണ് ആക്രമണമുണ്ടായിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി അമേരിക്ക രംഗത്തെത്തിയത്.
കപ്പലിനു നേരെ ഡ്രോൺ വിക്ഷേപിച്ചത് ഇറാനിൽ നിന്നാണെന്ന് പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയത്.
.