തമിഴ്മക്കൾക്ക് അൻബോട് കേരളം; ദുരിതാശ്വാസവുമായി ആദ്യലോഡ് തിരുനൽവേലിയിലെത്തി
Saturday, December 23, 2023 10:52 AM IST
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രളയബാധിതര്‍ക്ക് വേണ്ടിയുള്ള കേരളത്തിന്റെ ആദ്യ ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ തിരുനൽവേലിയിലെ കളക്ഷൻ സെന്ററിലെത്തി. ആകെ 250 കിറ്റുകളാണ് വെള്ളിയാഴ്ച രാത്രി അയച്ച ആദ്യ ലോഡിലുള്ളത്.
വരുംദിവസങ്ങളില്‍ കൂടുതൽ ലോഡുകൾ അയയ്ക്കുമെന്നും ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കാന്‍ കൂടുതല്‍ പേര് തയാറാകണമെന്നും ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു.
തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയവും തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസുമാണ് എന്നിവ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യത്തിനാണ് ഇതിന്റെ ചുമതല.
ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിലാണ് സഹായം നല്‍കുന്നത്. അവശ്യ സാധനങ്ങള്‍ ഒരു കിറ്റായും അല്ലാതെയും കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കാം.