മുംബൈ: മികച്ച പലിശ വാഗ്ദാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തീയതി വീണ്ടും നീട്ടിയതായി അറിയിപ്പ്. പദ്ധതിയിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി 2024 മാർച്ച് 31 വരെയാണ് നീട്ടിയത്.

ഇക്കാര്യം എസ്ബിഐയുടെ വെബ്സൈറ്റിലും പങ്കുവെച്ചിട്ടുണ്ട്. നിക്ഷേപകർക്ക് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. പൊതുജനങ്ങൾക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ ഈ നിക്ഷേപത്തിലൂടെ ലഭ്യമാകും.

ഈ വർഷം ഡിസംബർ വരെയായിരുന്നു പദ്ധതിയിൽ നിക്ഷേപം നടത്താനുള്ള പരിധിയായി ആദ്യം നിശ്ചയിച്ചിരുന്നത്. രണ്ട് കോടി രൂപ വരെയാണ് പദ്ധതിയിൽ നിക്ഷേപിക്കാനാവുക.

എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിനായുള്ള പലിശയുടെ ലഭ്യത പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക എന്നീ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ നിക്ഷേപകന് സാധിക്കും. പലിശയിന്മേൽ ഉറവിട നികുതി (ടിഡിഎസ്) ഈടാക്കും. നിബന്ധനകൾക്ക് വിധേയമായി നിക്ഷേപകർക്ക് വായ്പ എടുക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്.