വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും സദാചാര ഗുണ്ടകൾ തെങ്ങിൽ കെട്ടിയിട്ട് മർദിച്ച സംഭവം; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
Saturday, December 23, 2023 4:19 AM IST
കൊല്ലം: വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും തെങ്ങിൽ കെട്ടിയിട്ട് സദാചാര ഗുണ്ടകൾ മർദിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി.
സംഭവത്തിലെ പ്രതികൾക്ക് മൂന്ന് വർഷം തടവും രണ്ടായിരം രൂപ പിഴയുമാണ് കടയ്ക്കൽ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്. കേസിൽ ഒന്പത് പ്രതികളാണുള്ളത്. കൊല്ലം കടയ്ക്കലില് ആറ് വര്ഷം മുമ്പ് നടന്ന സംഭവത്തിലാണ് വിധി.
2017 ജൂൺ 12 ന് രാത്രി 11നാണ് ദർപക്കാട് അംബേദ്കർ ഗ്രാമത്തിൽ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ പ്രതികൾ 46 കാരിയായ വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും തറയിലൂടെ വലിച്ചിഴച്ച് തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. സുധീർ, റിയാദ്, ഇർഷാദ്, സിറാജുദ്ദീൻ, അനസ്, ഷാഫി, ജിജു,സഫീർ,സിനു എന്നിവരാണ് സംഭവത്തിലെ പ്രതികൾ.
വിവിധ വകുപ്പുകൾ പ്രകാരം മൂന്നു വർഷം തടവ് ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഒരു വർഷം തടവാണ് ശിക്ഷ. കടയ്ക്കൽ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദൃശ്യ ബാലകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
ടോർച്ച് ലൈറ്റ് കൊണ്ട് അടിക്കുകയും പരാതിക്കാരിയെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും മൊബൈലിൽ ചിത്രീകരിച്ചുമായിരുന്നു മർദ്ദനം. മൊബൈൽ ഫോൺ ഉൾപ്പെടെ പ്രോസിക്യൂഷൻ കേസിൽ ഹാജരാക്കി.
മൊബൈൽ ഫോൺ ദൃശ്യങ്ങൾ പരിശോധിച്ച ഫോറൻസിക് വിദഗ്ധൻ. പരാതിക്കാരെ പരിശോധിച്ച ഡോക്ടർമാർ ഉൾപ്പെടെ 36 സാക്ഷികളെ വിസ്തരിച്ചു