"സ്ത്രീകള്‍ക്ക് ആഗ്രഹിക്കുന്നതെന്തും ധരിക്കാം', ഹിജാബ് നിരോധനം പിന്‍വലിക്കുമെന്ന് സിദ്ധരാമയ്യ
വെബ് ഡെസ്ക്
Saturday, December 23, 2023 12:15 AM IST
ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനം ഇല്ലെന്നും സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ധരിക്കാമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഉടന്‍ പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരില്‍ വച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. എന്ത് വസ്ത്രം ധരിക്കണമെന്നതും എന്ത് കഴിക്കണമെന്നതും നിങ്ങളുടെ ഇഷ്ടമാണ്. ഞാന്‍ എന്തിന് നിങ്ങളെ തടസപ്പെടുത്തണം. ഞാന്‍ മുണ്ട് ധരിക്കുന്നു. നിങ്ങള്‍ പാന്‍റും ഷര്‍ട്ടും ധരിക്കുന്നു'. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സബ് കാ സാത്ത്, സബ് കാ വികാസ്' മുദ്രാവാക്യം വ്യാജമാണെന്നും വസ്ത്രം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ബിജെപി ജനങ്ങളെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ അദ്ദേഹം തന്‍റെ എക്‌സ് അക്കൗണ്ടിലും പങ്കുവെച്ചിരുന്നു. 2022ല്‍ ബിജെപി സര്‍ക്കാരാണ് കര്‍ണാടകയില്‍ ഹിജാബ് നിരോധനം കൊണ്ടുവന്നത്.