ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ് ഉദ്ഘാടനം 22ന്
Thursday, December 21, 2023 12:45 AM IST
കാസർഗോഡ്: ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം 22ന് വൈകുന്നേരം 5.30ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിർവഹിക്കും. ബേക്കലിനെയും പരിസരപ്രദേശങ്ങളെയും ലോകത്തിന് മുന്നില്‍ വീണ്ടും അടയാളപ്പെടുത്തുന്ന ഫെസ്റ്റിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകർ പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി കലാപരിപാടികളും എക്സ്പോയും വിപണനമേളയും ഒരുക്കും. പുതുവര്‍ഷത്തെ വരവേറ്റ് 31ന് ബീച്ച് ഫെസ്റ്റ് അവസാനിക്കും. ടിക്കറ്റ് വഴിയാണ് ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് പ്രവേശനം അനുവദിക്കുക. മുതിര്‍ന്നവര്‍ക്ക് 100 രൂപയും, കുട്ടികള്‍ക്ക് 25 രൂപയും ആണ് ഈടാക്കുന്നത്.
ഫെസ്റ്റിവൽ പ്രമാണിച്ച് ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ 22 മുതല്‍ 31 വരെ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. ചെന്നൈ എഗ്മോര്‍ - മംഗളൂരു എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു എക്സ്പ്രസ് എന്നിവയ്ക്കാണ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്.