യൂത്ത്കോൺഗ്രസ് മാർച്ചിലെ സംഘർഷം; പ്രതിപക്ഷ നേതാവ് ഒന്നാം പ്രതി
Wednesday, December 20, 2023 10:35 PM IST
തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് മാർച്ചിലെ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒന്നാം പ്രതി. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും എം. വിൻസെന്റും ഉൾപ്പടെ 30 പേരാണ് കേസിലെ മറ്റ് പ്രതികൾ. കണ്ടാലറിയാവുന്ന 300 പേരും പ്രതിപട്ടികയിലുണ്ട്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന് നേരെ ആക്രമണം, കലാപാഹ്വനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പിങ്ക് പോലീസ് വാഹനം അടിച്ചുതകര്‍ത്തതിനും കേസ് എടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ആക്രമിക്കുന്നതായി ആരോപിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തി ചാര്‍ജിലുമായി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കും ഉള്‍പ്പെടെ 20 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷത്തില്‍ വനിതാ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കന്റോണ്‍മെന്റ് സിഐ ദില്‍ജിത്തിന് പട്ടികകൊണ്ട് മുഖത്ത് അടിയേറ്റു. പൂജപ്പുര സിഐ റോജി, വനിതാ സെല്‍ സിഐ, നാല് വനിത പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്.
മൂന്ന് പോലീസ് വാഹനങ്ങള്‍ തല്ലി തകര്‍ത്തു. രണ്ട് പോലീസ് ബസുകളും ഒരു പിങ്ക് പോലീസ് വാഹനങ്ങളുമാണ് ആക്രമിച്ചത്.