ഖാർഗെ ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനാർഥി; നിർദേശിച്ച് മമത
Tuesday, December 19, 2023 7:01 PM IST
ന്യൂഡൽഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നിർദേശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി.
ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ബ്ലോക്ക് യോഗത്തിലാണ് ഇവര്‍ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇക്കാര്യം യോഗത്തില്‍ പങ്കെടുത്ത എംഡിഎംകെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഖാർഗയെ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. സീറ്റ് വിഭജന ചർച്ചകൾ ജനുവരി ഒന്നിനകം പൂർത്തിയാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കളെല്ലാം ആവശ്യപ്പെട്ടു.
അതേസമയം, ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും വിജയിക്കുക എന്നതാണ് പ്രധാനമെന്നും ഖാര്‍ഗെ യോഗത്തില്‍ മറുപടി പറഞ്ഞതായാണ് സൂചന.
യോഗത്തില്‍ 28 കക്ഷികള്‍ പങ്കെടുത്തുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എം.കെ. സ്റ്റാലിന്, അഖിലേഷ് യാദവ് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തിരുന്നു.