മുല്ലപ്പെരിയാറിന്‍റെ ഷട്ടറുകൾ ഇന്ന് തുറക്കും
വെബ് ഡെസ്ക്
Tuesday, December 19, 2023 7:01 AM IST
ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ ഇന്ന് തുറന്നേക്കുമെന്ന് റിപ്പോർട്ട്. രാവിലെ പത്തുമണിയോടെയാകും തുറക്കുക എന്നും ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യമുണ്ടായാൽ തുറക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138.40 അടിക്ക് മുകളിലെത്തിയിട്ടുണ്ട്. സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്‍റെ അറിയിപ്പ്. തീരുമാനം വന്നതിന് പിന്നാലെ പെരിയാറിന്‍റെ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ പെരിയാറിൽ വെളളം കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് വർധിക്കാൻ കാരണം.