കാശി തമിഴ് സംഗമം: "അസ്സൽ എഐ തമിഴിൽ' പ്രസംഗിച്ച് മോദി
വെബ് ഡെസ്ക്
Monday, December 18, 2023 5:59 AM IST
ന്യൂഡൽഹി: എഐ സഹായത്തോടെ പ്രധാനമന്ത്രിയുടെ തൽസമയ "തമിഴ് പ്രസംഗം'. കാശി തമിഴ് സംഗമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം എഐ സഹായത്തോടെ തൽസമയം തമിഴിലേക്ക് വിവർത്തനം ചെയ്തത്.
തമിഴ്നാട്ടിൽ നിന്നും പുതുച്ചേരിയിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുക്കുന്ന കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങൾ എല്ലാവരും വെറും അതിഥികൾ എന്നതിലുപരി കുടുംബത്തിലെ അംഗങ്ങളായാണ് ഇവിടെ വന്നിരിക്കുന്നത്. കാശി തമിഴ് സംഗമത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
തമിഴ്നാട്ടിലെയും കാശിയിലെയും ജനങ്ങളുടെ ഹൃദയങ്ങൾ തമ്മിൽ ബന്ധമുണ്ട്. നിങ്ങൾ മടങ്ങുമ്പോൾ കാശിയുടെ സംസ്കാരവും രുചിയും ഓർമ്മകളും നിങ്ങളോടൊപ്പം കൊണ്ടുപോകണമെന്നും 'ഏക് ഭാരത് ശ്രേഷ്ഠ ഭാരതം' എന്ന ആശയത്തെ സംഗമം ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സംഗമത്തോട് അനുബന്ധിച്ച് മതമേലധ്യക്ഷന്മാരും, കലാകാരന്മാരും മുതൽ വിദ്യാർഥികൾ വരെയുള്ള ഏകദേശം 1,400 പേരടങ്ങുന്ന തമിഴ് പ്രതിനിധി സംഘം കാശിയിൽ തങ്ങുന്നുണ്ട്. പരിപാടിയ്ക്ക് ശേഷം ഇവർ പ്രയാഗ്രാജും അയോധ്യയും സന്ദർശിക്കും.