ധോണിക്ക് ബിസിസിഐയുടെ ആദരം; ഏഴാംനമ്പർ ജഴ്സി പിൻവലിച്ചു
Friday, December 15, 2023 2:21 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ഏഴാംനമ്പർ ജേഴ്സി പിൻവലിക്കാനൊരുങ്ങി ബിസിസിഐ. മൂന്ന് ഐസിസി കിരീടങ്ങൾ നേടിയ നായകനോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനം. നേരത്തെ 2017ൽ ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കറുടെ പത്താംനമ്പർ ജേഴ്സിയും ബിസിസിഐ ഇത്തരത്തിൽ പിൻവലിച്ചിരുന്നു.
ഏഴാം നമ്പര്‍ ജേഴ്സി ഇനി തെരഞ്ഞെടുക്കരുതെന്ന് ഇന്ത്യൻ താരങ്ങളോട് ബിസിസിഐ നിർദേശം നല്‍കിയതായാണ് റിപ്പോർട്ട്.
ഐസിസി നിയമപ്രകാരം ഒന്നു മുതല്‍ 100 വരെയുള്ള നമ്പരുകളാണ് കളിക്കാര്‍ക്ക് ജേഴ്സി നമ്പറായി തെരഞ്ഞെടുക്കാന്‍ കഴിയുക. നിലവിൽ ഇന്ത്യൻ ടീമിന്റെ കളിക്കാർക്ക് ആകെ 60 നമ്പറുകൾ അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിച്ചു.
വൈറ്റ് ബോൾ ഫോർമാറ്റിൽ മൂന്ന് ഐസിസി ടൂർണമെന്റുകളിലും കിരീടം നേടിയ ഏക നായകനാണ് ധോണി. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വന്റി20 ലോകകപ്പിലും 2011 ൽ ഏകദിന ലോകകപ്പിലും 2013ൽ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തു.
ഇന്ത്യയെ പ്രതിനിധീകരിച്ച് 90 ടെസ്റ്റുകൾ, 350 ഏകദിനങ്ങൾ, 98 ട്വന്റി 20 മത്സരങ്ങൾ എന്നിവയിൽ നിന്നായി യഥാക്രമം 4,876, 10,773, 1,617 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ പുറത്താക്കൽ നടത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റിക്കാർഡും ധോണിയുടെ പേരിലാണ്. 634 ക്യാച്ചുകളും 195 സ്റ്റമ്പിംഗുകളും അദ്ദേഹം നടത്തി.
2020 ഓഗസ്റ്റ് 15-നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. നിലവിൽ ഐപിഎലിൽ സജീവമായ താരം ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനാണ്. ചെന്നൈയ്ക്കുവേണ്ടി അഞ്ചു കിരീടങ്ങളും ധോണി സ്വന്തമാക്കി.
താരങ്ങൾക്കൊപ്പം ജഴ്സി നമ്പരുകളും വിരമിക്കുന്ന രീതി ക്രിക്കറ്റിൽ മാത്രമല്ല. ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് നാപ്പോളി ഡീഗോ മറഡോണയുടെ ബഹുമാനാർഥം അവരുടെ പത്താം നമ്പർ ജേഴ്സി പിൻവലിച്ചിരുന്നു. ഷിക്കാഗോ ബുൾസ് മൈക്കൽ ജോർദാനുവേണ്ടി അവരുടെ 23-ാം നമ്പർ ജേഴ്സിയും ഇത്തരത്തിൽ പിൻവലിച്ചിട്ടുണ്ട്.