തൃശൂര്‍ പൂരം എക്സിബിഷന് ചോദിക്കുന്ന തറവാടക രണ്ടേകാല്‍ കോടി! സംയുക്തയോഗം ഇന്ന്
വെബ് ഡെസ്ക്
Friday, December 15, 2023 6:19 AM IST
തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളും നിയമ കുരുക്കുകളും ചർച്ച ചെയ്യുന്ന സംയുക്തയോഗം ഇന്ന്. വൈകിട്ട് 5.30ന് കൗസ്തുഭം ഓഡിറ്റോറിയത്തില്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തിലാണ് സംയുക്തയോഗം നടക്കുന്നത്.
പൂരം പ്രദര്‍ശന ഗ്രൗണ്ടിന്റെ തറവാടകയില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് വര്‍ധന വരുത്തിയത് പൂരത്തിന്റെ നടത്തിപ്പിനെ സാരമായി ബാധിക്കുമെന്ന് ദേവസ്വങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വാടക സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ പൂരം മുതല്‍ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല.
എക്സിബിഷനാണ് പൂരത്തോട് അനുബന്ധിച്ചുള്ള പ്രധാന വരുമാന ശ്രോതസ്. തേക്കിന്‍കാട് മൈതാനിയില്‍ രണ്ട് മാസം നീളുന്ന തൃശൂര്‍ പൂരം എക്സിബിഷന് നടത്തുന്നതിന് വേണ്ടി രണ്ടേകാല്‍ കോടി രൂപ വാടകയിനത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നുവെന്ന് മറ്റ് ദേവസ്വങ്ങള്‍ പറയുന്നു.
തറവാടകയായി കഴിഞ്ഞ വര്‍ഷം 42 ലക്ഷം രൂപയാണ് നല്‍കിയത്. ഭീമമായ തറവാടക വാങ്ങുന്നതില്‍ ഉടന്‍ തന്നെ രാഷ്ട്രീയമായ ഇടപെടലുണ്ടാകണമെന്ന് ദേവസ്വങ്ങള്‍ ആവശ്യപ്പെടുന്നു.