വിവാഹചടങ്ങിനിടെ ഭക്ഷ്യവിഷബാധ; 80 പേർ ആശുപത്രിയിൽ
Thursday, December 14, 2023 4:19 PM IST
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വിവാഹ ചടങ്ങിൽ ഭക്ഷണം കഴിച്ച 80 പേർക്ക് ഭക്ഷ്യവിഷബാധ. ഡിസംബർ 10 നായിരുന്നു സംഭവം. ചടങ്ങിനിടെ വിളമ്പിയ ഭക്ഷണം പഴകിയതാണെന്നും ദുർഗന്ധം വമിച്ചെന്നും ആരോപിച്ച് വരന്റെ പിതാവ് കൈലാഷ് ബത്ര റിസോർട്ട് മാനേജ്മെന്റിനെതിരെ പോലീസിൽ പരാതി നൽകി.
വിവാഹ ചടങ്ങിനും റിസപ്ഷനുമായി നാഗ്പൂരിലെ അമരാവതി റോഡിലുള്ള റിസോർട്ട് ഡിസംബർ ഒൻപത്, 10 തീയതികളിലാണ് വരന്റെ വീട്ടുകാർ ബുക്ക് ചെയ്തിരുന്നത്. ഡിസംബർ 10ന് ഉച്ചഭക്ഷണം കഴിച്ച ശേഷം വരനും നിരവധി അതിഥികൾക്കും വയറുവേദന അനുഭവപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
അതേ രാത്രി സ്വീകരണ ചടങ്ങിനിടെ, അതിഥികൾക്ക് വിളമ്പിയ ഭക്ഷണം ദുർഗന്ധം വമിപ്പിച്ചപ്പോൾ സ്ഥിതി കൂടുതൽ വഷളായി. വിവാഹസംഘം റിസോർട്ട് മാനേജ്മെന്റിനോട് പ്രശ്നം ഉന്നയിച്ചെങ്കിലും പ്രശ്നം പരിഹരിച്ചില്ല. അർധരാത്രിയോടെ, 80 അതിഥികൾ ചർദ്ദിച്ചു. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ മൊഴി രേഖപ്പെടുത്താനും അവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ശേഖരിക്കാനും കൽമേശ്വർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിസോർട്ട് മാനേജ്മെന്റിനെതിരെ കേസെടുക്കുമെന്നും പോലീസ് സൂപ്രണ്ട് ഹർഷ് പൊദ്ദാർ പറഞ്ഞു.
ഭക്ഷ്യവിഷബാധയേറ്റവരിൽ ചിലർ ഇപ്പോഴും നാഗ്പൂരിലെ വാർധമാൻ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.