കണ്ണൂരിൽ പുതുവർഷത്തിൽ പുതിയ മേയർ; കോൺഗ്രസും ലീഗും തമ്മിൽ ധാരണ
Thursday, December 14, 2023 11:17 AM IST
കണ്ണൂർ: കണ്ണൂർ കോർപറേഷന് പുതുവർഷത്തിൽ പുതിയ മേയർ. നീണ്ട തർക്കത്തിനൊടുവിൽ മേയർ പദവി പങ്കിടുന്നതിന് കോൺഗ്രസും മുസ്ലീം ലീഗും ധാരണയിലെത്തി. മൂന്നുവർഷം കോൺഗ്രസിനും രണ്ടുവർഷം ലീഗിനും മേയർ പദവി എന്നതാണ് ധാരണ.
രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കിടാനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചതെങ്കിലും കോൺഗ്രസ് വഴങ്ങാതിരുന്നതോടെയാണ് തർക്കമായത്. ലീഗും നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ കണ്ണൂരിലെ പരിപാടി ബഹിഷ്കരിക്കുമെന്ന് ലീഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംസ്ഥാന നേതാക്കൾ ഇടപെട്ട് ചർച്ച നടത്തി ധാരണയാക്കിയത്.
ഈമാസം അവസാനം നിലവിലെ മേയർ ടി.ഒ. മോഹനനും ഡപ്യൂട്ടി മേയർ കെ. ഷബീനയും രാജി സമർപ്പിക്കും. പുതിയ മേയർ തെരഞ്ഞെടുപ്പ് ജനുവരി ആദ്യം നടക്കും. ലീഗ് കൗൺസിലർ മുസ്ലിഹ് മഠത്തിലിനാണ് മേയർ സ്ഥാനത്തേക്ക് സാധ്യത. കോർപറേഷനിലെ 35 യുഡിഎഫ് അംഗങ്ങളാണുള്ളത്. ഇവരിൽ കോൺഗ്രസിന് 21 പേരും ലീഗിന് 14 പേരുമാണുള്ളത്.
ലീഗ് ശക്തമായ ഘടകകക്ഷിയാണെന്നും അവരുമായി ഇനി ഒരു അഭിപ്രായവ്യത്യാസങ്ങൾക്കോ ചർച്ചകൾക്കോ ഇടകൊടുക്കുന്ന രീതി ഉണ്ടാവില്ലെന്നും ഘടകകക്ഷികൾ തമ്മിലുള്ള ധാരണയാണ് ഇതെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.