പൗരത്വ ഭേദഗതി നിയമം; ചോദ്യംചെയ്ത് നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Tuesday, December 12, 2023 11:26 AM IST
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് 1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ ആറ് എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നത്.
സെക്ഷന്‍ ആറ് എ(രണ്ട്) പ്രകാരം ഇന്ത്യന്‍ പൗരത്വം നല്കിയ കുടിയേറ്റക്കാരുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ബെഞ്ച് ആരാഞ്ഞിരുന്നു.
സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ രാജ്യാതിര്‍ത്തികളില്‍ എന്ത് ചെയ്തുവെന്ന കാര്യത്തിലാണ് പ്രധാനമായി മറുപടി നല്‍കുക.
ഇന്ത്യ മടക്കി അയച്ച കുടിയേറ്റക്കാരുടെ എണ്ണം, 1966നും 71നും ഇടയിലുള്ളവരുടെ പരിഗണനാ അടിസ്ഥാനം തുടങ്ങിയ കാര്യങ്ങളിലും വിശദീകരണം നല്‍കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുക.
1955-ലെ പൗരത്വ നിയമത്തിൽ ആസാമികളെ സംരക്ഷിക്കുന്നതിനായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു പ്രത്യേക വ്യവസ്ഥയാണ് സെക്ഷന്‍ ആറ് എ. 1985-ൽ ഒപ്പുവച്ച ആസാം കരാർ, 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് മുമ്പുള്ള കുടിയേറ്റത്തിന്റെ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതാണ്.