രാജീവ് ഗാന്ധിക്ക് വിശ്വാസമില്ലായിരുന്നു; പ്രണാബ് മുഖര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ശര്‍മിഷ്ഠ
Tuesday, December 12, 2023 2:51 AM IST
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കാലത്ത് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മകള്‍ ശര്‍മിഷ്ഠ.
തന്റെ അധികാരത്തിന് പ്രണാബ് വെല്ലുവിളിയുയര്ത്തുന്നതായുള്ള സംശയമാണ് രാജീവിനെ ഇങ്ങനെയൊരു കാര്യത്തിന് പ്രേരിപ്പിച്ചതെന്ന് ശര്‍മിഷ്ഠ പറഞ്ഞു.
ആരെയും കണ്ണടച്ചു പിന്തുണയ്ക്കാത്ത കടുപ്പക്കാരന്‍ എന്നാണ് തന്നെപ്പറ്റി രാജീവിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് പ്രണാബ് പറഞ്ഞിരുന്നതായി ശര്‍മിഷ്ഠ പറയുന്നു.
പ്രണാബ്,മൈ ഫാദര്‍: എ ഡോട്ടര്‍ റിമംബേഴ്സ്, എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു ശര്‍മിഷ്ഠയുടെ ഈ വെളിപ്പെടുത്തല്‍.
രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും തന്റെ പിതാവിനെക്കുറിച്ച് ധരിച്ചിരുന്നത് എന്താണോ അതു മാത്രമാണ് താനിപ്പോള്‍ തുറന്നു പറയുന്നതെന്നും ശര്‍മിഷ്ഠ വ്യക്തമാക്കി.
രാജീവിന് തന്നില്‍ വിശ്വാസക്കുറവുണ്ടായിരുന്നുവെന്നും ചിലപ്പോള്‍ ഇതായിരിക്കാം തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമെന്നും പ്രണാബ് വിശ്വസിച്ചിരുന്നതായും ശര്‍മിഷ്ഠ പറഞ്ഞു.
രാജീവിന്റെ അധികാരത്തെ ഒരു ദിവസം താന്‍ വെല്ലുവിളിക്കുമെന്ന് സോണിയ ഗാന്ധിയും വിശ്വസിച്ചിരുന്നുവെന്ന് പ്രണാബ് പറഞ്ഞിരുന്നതായി ശര്‍മിഷ്ഠ കൂട്ടിച്ചേർത്തു.