തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ബാബുവിന്റെ ആവശ്യം തള്ളി സുപ്രീം കോടതി
Monday, December 11, 2023 10:07 PM IST
ന്യൂഡൽഹി: തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ. ബാബു എംഎല്‍എയുടെ ആവശ്യം സുപ്രീം കോടതി തള്ളി.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ കെ. ബാബു മതചിഹ്നങ്ങൾ ഉപയോഗിച്ച് പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജാണ് കേസ് നൽകിയത്.
കേസ് സ്റ്റേ ചെയ്യണമെന്ന ബാബുവിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയത് ആണെന്നും സ്വരാജിന് വേണ്ടി ഹാജരായ അഭിഭാഷകൻ പി.വി. ദിനേശ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ ഇന്ന് ഹൈക്കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചതായി ബാബുവിന്റെ അഭിഭാഷകൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ബാബുവിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ചന്ദർ ഉദയ് സിംഗും, അഭിഭാഷകൻ റോമി ചാക്കോയും ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി തയാറായില്ല. ബാബു നൽകിയ ഹർജി ജനുവരി 10ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
ശബരിമല സ്ത്രീപ്രവേശന വിവാദത്തെത്തുടർന്ന് അയ്യപ്പന്റെ ചിത്രമുള്ള വോട്ടേഴ്സ് സ്ലിപ് ബാബു വിതരണം ചെയ്തെന്ന ആരോപണം ഉയര്‍ത്തിയാണ് സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കൃത്രിമമായ രേഖകളാണ് സ്വരാജ് കോടതിയില്‍ നല്‍കിയതെന്നാണ് ബാബുവിന്റെ വാദം.