ശബരിമലയിലെ സ്ഥിതി: അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി
Monday, December 11, 2023 7:05 PM IST
ഇടുക്കി: ശബരിമലയിലെ സ്ഥിതി ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തിന് ഓണ്‍ലൈനായാണ് യോഗം. ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
അതേസമയം ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേമായിത്തുടങ്ങി. ദര്‍ശന സമയം കൂട്ടുകയും പതിനെട്ടാംപടിയില്‍ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തതിനു പിന്നാലെ കൂടുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തി മടങ്ങി. 80,000 പേര് ഞായറാഴ്ച മാത്രം ദര്‍ശനത്തിനെത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ 13 മുതല്‍ 17 മണിക്കൂര്‍വരെയാണ് കാത്തുനില്ക്കേണ്ടിവന്നതെങ്കില് ഞായറാഴ്ച വൈകുന്നേരം മുതല്‍ ഇത് നാലുമണിക്കൂറിലേക്ക് കുറഞ്ഞു. ഇന്നു രാവിലെ നിലയ്ക്കലും പമ്പയിലും തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും സന്നിധാനത്ത് പതിവു തിരക്ക് മാത്രമേയുള്ളൂ.
ദര്‍ശന സമയം ഞായറാഴ്ച മുതല്‍ ഒരു മണിക്കൂര്‍ കൂട്ടിയതോടെ കൂടുതല്‍ പേര്‍ക്ക് ദര്‍ശന സൗകര്യം ലഭിച്ചുതുടങ്ങി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് നട തുറന്നത്. സാധാരണ ഉച്ചപൂജയ്ക്ക് ശേഷം ഒന്നിന് അടയ്ക്കുന്ന നട വൈകുന്നേരം നാലിനാണ് തുറക്കാറുള്ളത്. നട അടയ്ക്കുന്ന സമയത്തിലും അരമണിക്കൂര്‍ കൂടി അധികം ലഭിക്കുന്നുണ്ട്. ഒന്നര മണിക്കൂര്‍ കൂടി ഭക്തര്‍ക്ക് ഓരോ ദിവസവും ദര്‍ശന സൗകര്യം ലഭിച്ചു തുടങ്ങി.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പതിനെട്ടാംപടിയിലും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. മിനിറ്റില്‍ 45 - 60 പേരെ മാത്രമാണ് ഇപ്പോള്‍ പടിചവിട്ടാന്‍ അനുവദിക്കുന്നത്. നേരത്തെ ഒരു മിനിറ്റില്‍ 80 മുതല്‍ 95 വരെ ഭക്തര്‍ പടികയറിയിരുന്നു.
സോപാനത്തെ തിരക്ക് കുറഞ്ഞത് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നുണ്ടെങ്കിലും പമ്പയില്‍ നിന്നു തീര്‍ഥാടകരെ വിവിധ സെക്ടറുകളായി തിരിച്ച് ഇടവേളകളിലാണ് മലകയറാന്‍ അനുവദിക്കുന്നത്. പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ഞായറാഴ്ചയും മണിക്കൂറുകളോളം തീര്‍ഥാടകരെ തടഞ്ഞു.
പത്തനംതിട്ട, കോട്ടയം റൂട്ടുകളില്‍ കിലോമീറ്റുകളോളം നീണ്ട വാഹനക്കുരുക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 90,000 ല്‍ നിന്നും 80,000 ആയി കുറച്ചതോടെ സ്പോര്‍ട്ട് ബുക്കിംഗുകളുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടുണ്ട്.