ലോക്സഭയില്‍നിന്ന് പുറത്താക്കിയ നടപടി; മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
Monday, December 11, 2023 3:08 PM IST
ന്യൂഡല്‍ഹി: ലോക്സഭയില്‍നിന്ന് പുറത്താക്കിയ നടപടിക്കെതിരേ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. എത്തിക്സ് കമ്മിറ്റി തനിക്ക് പറയാനുള്ളത് കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
പരാതിക്കാരെ വിസ്തരിക്കണമെന്ന് താന്‍ ആവശ്യപ്പട്ടെങ്കിലും ഇതിനും അനുമതി ലഭിച്ചില്ല. എത്തിക്സ് കമ്മിറ്റി റിപ്പോര്ട്ടിന്മേല് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നപ്പോഴും തനിക്ക് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
പാര്‍ലമെന്റിൽ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയായ ദര്ശന് ഹിരാനന്ദാനിയില്‍ നിന്ന് പണവും പാരിതോഷികങ്ങളും കൈപ്പറ്റിയെന്നും മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേര്ഡും ദുരുപയോഗം ചെയ്യപ്പെട്ടുവെന്നുമായിരുന്നു ആരോപണം.
ഗുരുതരമായ തെറ്റാണ് മഹുവയില്‍ നിന്നുണ്ടായതെന്നായിരുന്നു പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തല്‍. മഹുവയെ ലോക്സഭയില്‍നിന്ന് പുറത്താക്കണമെന്നും ഇവര്‍ക്കെതിരേ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു.
ഇതിന് പിന്നാലെ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
നിയമപോരാട്ടത്തിന് മഹുവയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും നേരത്തേ വ്യക്തമാക്കിയിരുന്നു.