സെഞ്ചുറിയോടെ മഹിപാല്‍ ലോംറോറിന്റെ രക്ഷാപ്രവർത്തനം; കേരളത്തിന് വിജയലക്ഷ്യം 268 റൺസ്
Monday, December 11, 2023 1:46 PM IST
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ രാജസ്ഥാനെതിരെ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തു. മഹിപാല്‍ ലോംറോറിന്റെ സെഞ്ചുറിക്കരുത്തിലാണ് രാജസ്ഥാൻ മികച്ച സ്കോർ കണ്ടെത്തിയത്.
114 പന്തില്‍ പുറത്താവാതെ 122 റൺസ് നേടിയ ലോംറോറും 66 റൺസെടുത്ത കുനാൽ സിംഗ് റാത്തോറും മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. കേരളത്തിനുവേണ്ടി അഖിൽ സത്താര്‍ മൂന്ന് വിക്കറ്റും ബേസില്‍ തമ്പി രണ്ട് വിക്കറ്റും വീഴ്ത്തി.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോയ നായകൻ സഞ്ജു സാംസണിന്റെ അഭാവത്തിൽ രോഹന് കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് കേരളം ഇന്നിറങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം പാളി. 45 റൺസെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ അഭിജിത് തോമര്‍ (15), റാം മോഹന്‍ ചൗഹാന് (18) എന്നിവർ പവലിയനിലേക്ക് മടങ്ങി. പിന്നാലെ നായകൻ ദീപക് ഹൂഡ (ഒമ്പത്), കരണ്‍ ലാംബ (ഒമ്പത്) എന്നിവരും നിരാശപ്പെടുത്തിയതോടെ നാലിന് 108 എന്ന നിലയിലായി രാജസ്ഥാന്. അപ്പോഴും മൂന്നാമനായി ക്രീസിലെത്തിയ ലോംറോർ ഒരറ്റത്ത് നങ്കൂരമിട്ടിരുന്നു.
പിന്നീട് കുനാൽ സിംഗ് റാത്തോറുമായി ചേർന്ന് ലോംറോർ രാജസ്ഥാനെ കരകയറ്റി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 45-ാം ഓവറിൽ അഖിൽ സത്താറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അപ്പോഴേക്കും രാജസ്ഥാൻ സുരക്ഷിത സ്കോറിലെത്തിയിരുന്നു.
റാത്തോർ പുറത്തായതിനു പിന്നാലെ രാജസ്ഥാൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. കുക്ന അജയ് സിംഗ് (രണ്ട്), രാഹുല്‍ ചാഹര്‍ (നാല്), അറാഫത്ത് ഖാന് (രണ്ട്) എന്നിവര്‍ രണ്ടക്കം പോലും കാണാനാവാതെ പുറത്തായി. സെഞ്ചുറിയുമായി ലോംറോറും നാലു റൺസുമായി അനികേത് ചൗധരിയും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിലാണ്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഓപ്പണർ കൃഷ്ണപ്രസാദിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. നാലു റൺസുമായി നായകൻ രോഹൻ കുന്നുമ്മലും രണ്ടു റൺസുമായി മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസിൽ.