വയനാട്ടില്‍ നരഭോജി കടുവയ്ക്കായി വ്യാപക തിരച്ചിൽ; കൂടുതല്‍ കാമറകൾ സ്ഥാപിച്ചു
Monday, December 11, 2023 12:37 PM IST
വയനാട്: സുൽത്താൻബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ തുടരുന്നു. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ കൂടുതൽ കാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 കാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാൽപ്പാടുകൾ പിന്തുടർന്നുമാണ് തിരച്ചില്‍.
മൂന്നു സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. വനംവകുപ്പ് ജീവനക്കാർക്കെതിരേ വ്യാപക പ്രതിഷേധം ഉള്ളതിനാൽ കനത്ത പോലീസ് സംരക്ഷണത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
കടുവയെ പിടികൂടാനുള്ള ഉത്തരവ് ഞായറാഴ്ച ഉച്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്.
പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാൽ വിൽപന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
എട്ടുവർഷത്തിനിടെ ഏഴുപേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം രണ്ട് മനുഷ്യ ജീവനുകൾ കടുവയെടുത്തു.