ഒരു മന്ത്രി ബിജെപിയിൽ ചേരും, ഒപ്പം 60 എംഎൽഎമാരും: കർണാടക സർക്കാർ ഉടൻ വീഴുമെന്ന് കുമാരസ്വാമി
Monday, December 11, 2023 11:51 AM IST
ബംഗളൂരു: കർണാടക സർക്കാർ വൈകാതെ താഴെവീഴുമെന്ന് ജെഡി-എസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. 60 എംഎൽഎമാരുടെ പിന്തുണയോടെ ഒരു മന്ത്രി ബിജെപിയിൽ ചേർന്നേക്കുമെന്നും എന്തും സംഭവിക്കാമെന്നും കുമാരസ്വാമി പറഞ്ഞു.
ഭരണകക്ഷിയായ കോൺഗ്രസിലെ സ്വാധീനമുള്ള ഒരു മന്ത്രി തനിക്കെതിരായ കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഇപ്പോൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും കുമാരസ്വാമി അവകാശപ്പെട്ടു. മാധ്യമങ്ങൾക്കു മുന്നിലായിരുന്നു കുമാരസ്വാമിയുടെ ആരോപണം.
അതേസമയം, നേതാവിന്റെ പേരുപറയണമെന്ന് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പേര് വെളിപ്പെടുത്തിയില്ല. കോൺഗ്രസിന്റെ വലിയ നേതാവാണെന്നാണ് അദ്ദേഹം സൂചന നല്കിയത്.
കോൺഗ്രസ് സർക്കാരിൽ എല്ലാം ശരിയല്ല. ഈ സർക്കാർ എപ്പോൾ വീഴുമെന്ന് എനിക്കറിയില്ല. ഏതുനിമിഷവും മഹാരാഷ്ട്ര ആവർത്തിക്കാം. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കർണാടകത്തിൽ എന്തും സംഭവിക്കാമെന്നും കുമാരസ്വാമി പറഞ്ഞു.