നവകേരള സദസിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചയാൾ പിടിയിൽ
Monday, December 11, 2023 11:23 AM IST
കോട്ടയം: നവകേരള സദസിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പോലീസ് കസ്റ്റഡിയിലായത്.
പാലായിൽ നവകേരള സദസിന് വേദിയാകുന്ന മുനിസിപ്പല്‍ സ്റ്റേഡിയത്തിനു മുന്നിലെ റിവര്‍ വ്യൂ റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡിലാണ് കരിഓയില്‍ ഒഴിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് സിപിഎം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നവകേരള സദസിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയില്‍ ഒഴിച്ചത്.
കഴിഞ്ഞ മാർച്ചിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിലെ സ്വീകരണ വേദി തകർക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതിനും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.