ഷൂ ഏറ് വൈകാരികമായ പ്രതികരണം മാത്രം, മുഖ്യമന്ത്രിക്ക് സാഡിസ്റ്റിന്റെ മനസെന്ന് സതീശന്
Monday, December 11, 2023 10:31 AM IST
കൊച്ചി: നവകേരള ബസിന് നേരെയുള്ള ഷൂ ഏറ് വൈകാരികമായ പ്രതികരണം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സതീശന് പ്രതികരിച്ചു.
യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ വ്യാപകമായി മര്‍ദിക്കുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതുകൊണ്ടുള്ള ഒരു വൈകാരിക പ്രതികരണമായിരുന്നു ഷൂ ഏറ്. ഒരു കടലാസ് പോലും ചുരുട്ടി എറിയരുതെന്നാണ് തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിച്ചാല്‍ മുഖ്യമന്ത്രിയും തങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. ആരാന്റെ മക്കളെ റോഡിലിട്ട് പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നത് കണ്ട് ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന സാഡിസ്റ്റിന്റെ മനസാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും സതീശന് വിമര്‍ശിച്ചു.
ഷൂ എറിഞ്ഞതിന്റെ പേരില്‍ വധശ്രമത്തിന് കേസെടുപ്പിച്ച് കേരളത്തിലെ പോലീസിനെ പിണറായി പരിഹാസ്യരാക്കുകയാണ്. സിപിഎമ്മിന്റെ പാരമ്പര്യം തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. 1970കളില്‍ ചാവശേരിയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് കത്തിച്ച് അതിലുണ്ടായിരുന്ന നാല് പേര് വെന്ത് മരിച്ചതൊക്കെ ചരിത്രമാണ്.
രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രതിഷേധിക്കാന്‍ അവസരം കൊടുക്കാതെ മുഖ്യമന്ത്രി സ്റ്റാലിന് ചമയുകയാണ്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും സതീശന് പ്രതികരിച്ചു.