2022ല്‍ കള്ളപ്പണത്തെപ്പറ്റി പറഞ്ഞ പോസ്റ്റ് വൈറല്‍; കോണ്‍ഗ്രസ് നേതാവില്‍ നിന്ന് 290 കോടി രൂപ പിടിച്ചെടുത്തു
Monday, December 11, 2023 3:35 AM IST
ന്യൂഡല്‍ഹി: 2022ല്‍ കള്ളപ്പണത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും നിര്‍ദോഷമായി ചെയ്ത ഒരു ട്വീറ്റ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ആ ട്വീറ്റ് ചെയ്തയാളുടെ ജീവിതത്തില്‍ സംഭവിച്ച വന്‍ വഴിത്തിരിവാണ് ഇതിനു കാരണം.
കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് സാഹുവിന്റേതായിരുന്നു ആ ട്വീറ്റ്. ഇപ്പോള്‍ സാഹുവില്‍ നിന്ന് കണക്കില്‍പ്പെടാത്ത 290 കോടി രൂപ പിടിച്ചെടുത്തതോടെയാണ് ആ പഴയ ട്വീറ്റ് വീണ്ടും വൈറലായത്.
2022 ഓഗസ്റ്റ് 12ന് ചെയ്ത ട്വീറ്റില്‍ സാഹു പറഞ്ഞത് ഇങ്ങനെ...നോട്ടു നിരോധനത്തിനു ശേഷവും രാജ്യത്ത് കള്ളപ്പണവും അഴിമതിയും നിലനില്ക്കുന്നതില് എന്റെ ഹൃദയം വേദനിക്കുന്നു. എവിടെ നിന്നാണ് ജനങ്ങളില്‍ ഇത്രയധികം കള്ളപ്പണം എത്തുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഈ രാജ്യത്ത് അഴിമതിയുടെ വേരറുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിനാണ്. സാഹു ട്വിറ്ററില്‍ കുറിച്ചു.
സാഹുവിന്റെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചു കൊണ്ട് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇരുണ്ട നര്‍മബോധമുള്ളയാളാണ് സാഹു എന്ന് പറഞ്ഞ മാളവ്യ 'കറപ്ഷന്‍ കി ധൂക്കാന്(അഴിമതിയുടെ കട) എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.
കുറഞ്ഞത് 290 കോടി രൂപയാണ് സാഹുവിന്റെ ഉടമസ്ഥതയിലുള്ള ഒഡീഷയിലുള്ള ഡിസ്റ്റിലറി, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളിലുള്ള അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തതത് എന്ന് അധികൃതര്‍ പറഞ്ഞു.
ഒഡീഷയിലുള്ള ബൗധ് ഡിസ്റ്റിലറിയില്‍ നിന്ന് പണം എണ്ണുന്ന യന്ത്രങ്ങള്‍ അടക്കം പിടിച്ചെടുത്തു. മുമ്പ് എംപിയുടെ ജാര്‍ഖണ്ഡിലുള്ള വസതിയിലും റെയ്ഡ് നടത്തിയിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കള്ളപ്പണ വേട്ടകളിലൊന്നാണിത്. ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടി സാഹുവിനെ കൈയൊഴിയുകയും ചെയ്തു. ഇതിന് പാര്‍ട്ടിയുമായി ബന്ധമൊന്നുമില്ലെന്നും പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്.