കോൺഗ്രസിലെ സ്വാധീനശക്തിയുള്ള ഒരു മന്ത്രി ബിജെപിയുമായി ചർച്ചയിൽ; വെളിപ്പെടുത്തലുമായി കുമാരസ്വാമി
Monday, December 11, 2023 2:29 AM IST
ബംഗളൂരു: കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസിലെ ഏറെ സ്വാധീനമുള്ള ഒരു മന്ത്രി ബിജെപിയിൽ ചേർന്നേക്കുമെന്ന് അവകാശപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി.
കേന്ദ്ര സർക്കാർ ചുമത്തിയ കേസുകളിൽ നിന്ന് കരകയറാനായി ആ മന്ത്രി കോൺഗ്രസ് വിട്ട് 50–60 എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്നേക്കുമെന്നും, അദ്ദേഹം ഇപ്പോൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും കുമാരസ്വാമി അവകാശപ്പെട്ടു.
കോൺഗ്രസ് സർക്കാരിൽ എല്ലാം ശരിയല്ല. ഈ സർക്കാർ എപ്പോൾ വീഴുമെന്ന് എനിക്കറിയില്ല. സ്വാധീനമുള്ള ഒരു മന്ത്രി അദ്ദേഹത്തിനെതിരായ കേസുകളിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു.
രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത തരത്തിലാണ് അദ്ദേഹത്തിനെതിരേ കേന്ദ്ര സർക്കാർ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലേതു പോലെ കർണാടകയിൽ ഏതുനിമിഷവും എന്തും സംഭവിക്കാം’’ കുമാരസ്വാമി പറഞ്ഞു.
മാധ്യമങ്ങളോടു സംസാരിക്കവെയാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. എന്നാൽ മന്ത്രിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
എന്നാൽ, ‘ചെറിയ നേതാക്കളിൽ നിന്ന് ഇത്തരമൊരു ധീരമായ പ്രവൃത്തി പ്രതീക്ഷിക്കാനാവില്ലെന്നും സ്വാധീനമുള്ള ആളുകൾക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂ’വെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം നോക്കുമ്പോൾ കർണാടകയിൽ എന്തും സംഭവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയക്കാർ അവരുടെ സൗകര്യാർഥം പക്ഷം മാറുമ്പോൾ പ്രത്യയശാസ്ത്രങ്ങൾ പിന്നാക്കം പോകുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.