യുപിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; കുട്ടിയുള്‍പ്പെടെ എട്ട് പേര് മരിച്ചു
Sunday, December 10, 2023 10:22 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര് മരിച്ചു. ട്രക്കില്‍ ഇടിച്ചതിന് പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു.
ബറേലി നൈനിറ്റാള്‍ ദേശീയപാതയിലാണ് സംഭവം. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവര്‍ ഡോറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിന് തൊട്ടുപിന്നാലെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
വിവാഹച്ചടങ്ങിന് പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ കത്തുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിന് പിന്നാലെ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.