മുല്ലപ്പെരിയാർ രാജ്യാന്തര വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ
Saturday, December 9, 2023 2:07 AM IST
ന്യൂഡൽഹി: രാജ്യന്തര വിദഗ്ധരെ ഉൾപ്പെടുത്തി മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന ഉടൻ നടത്തണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ.
നിഷ്പക്ഷമായ അന്വേഷണത്തിന് മേൽനോട്ട സമിതി ചെയർമാന് നിർദ്ദേശം നൽകണമെന്നും ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ് അഭിഭാഷകൻ ജി. പ്രകാശ് മുഖേന സമർപ്പിച്ച അധിക സത്യവാങ്മൂലത്തിൽ പറയുന്നു. വിഷയം ജനുവരി മൂന്നാം വാരം സുപ്രീംകോടതി പരിഗണിച്ചേക്കും.
ഐക്യരാഷ്ട്രസഭയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ പഴക്കമുള്ള ആറു ഡാമുകളിലൊന്നാണ് മുല്ലപ്പെരിയാർ.
സെപ്റ്റംബറിൽ ലിബിയയിലെ രണ്ടു അണക്കെട്ടുകൾ തകർന്നപ്പോൾ 11000ൽപ്പരം പേർ മരിച്ചു. ന്യൂയോർക്ക് ടൈംസിൽ സെപ്റ്റംബർ 17ന് വന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഭീഷണി നേരിടുന്ന ഡാമുകളിലൊന്നും മുല്ലപ്പെരിയാറാണ്.
പഴക്കമുള്ള ഡാമുകളുടെ കാര്യത്തിലെ ആശങ്ക വ്യക്തമാക്കുന്ന വാർത്ത ബിസിനസ് സ്റ്റാൻഡേർഡിലും വന്നിരുന്നു. 128 വർഷം മുന്പ് പണിതതാണ് മുല്ലപ്പെരിയാർ ഡാം.
2022 ഏപ്രിൽ എട്ടിന് സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തി മേൽനോട്ട സമിതി സുപ്രീം കോടതി പുനഃസംഘടിപ്പിച്ചു. എന്നാൽ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ല.