ഷഹനയ്ക്ക് റുവൈസ് അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു: റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
വെബ് ഡെസ്ക്
Friday, December 8, 2023 5:27 AM IST
തിരുവനന്തപുരം: പി.ജി വിദ്യാർഥിനി ഡോ.ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം സുഹൃത്ത് ഡോ. റുവൈസ് നടത്തിയ സമ്മർദമാണെന്ന് ചൂണ്ടിക്കാട്ടി റിമാൻഡ് റിപ്പോർട്ട്. ഷഹനയുടെ ആത്മഹത്യാ കുറിപ്പ് സംബന്ധിച്ച് വിശദാംശങ്ങളും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീധനം ചോദിച്ച് റുവൈസ് വഞ്ചിച്ചതായി ഷഹന കുറിച്ചുവെന്നും സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്റെ വക്താവാണ് ഡോ. റുവൈസെന്നും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് പറയുന്നു. തന്നെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളെല്ലാം ഒരു ഒപി ടിക്കറ്റിന്റെ പുറക് വശത്താണ് ഷഹന കുറിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.
അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു
ഏക്കർ കണക്കിന് ഭൂമിയും ഒന്നരകിലോ സ്വർണവും ആവശ്യപ്പെട്ടാൽ നൽകാൻ തനിക്കില്ലെന്നും അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഷഹന കുറിച്ചു. മാത്രമല്ല ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ (റുവൈസിന്റെ) സഹോദരിക്ക് വേണ്ടിയാണോ എന്നും ഞാൻ വഞ്ചിക്കപ്പെട്ടു എന്നും ഷഹ്ന എഴുതിയിട്ടുണ്ട്.
ഷഹന എഴുതിയ കുറിപ്പിൽ റുവൈസിന്റെ പേരുണ്ടെന്നും മൊഴികളുടേയും സാഹചര്യ തെളിവുകളുടേയും പശ്ചാത്തലത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറയുന്നു. ഇയാളെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
ഒളിവിലായിരുന്ന ഇയാളെ വ്യാഴാഴ്ച പുലർച്ചെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു.
സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു, എന്തിന് ?
ഡോ.റുവൈസിന്റെ ഫോണിൽ നിന്നും ഷഹനയ്ക്കയയ്ച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നുവെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഇവ വീണ്ടെടുക്കാൻ സൈബർ പരിശോധനയ്ക്ക് അയയ്ച്ചിരിക്കുകയാണെന്നും ഇരുവരും തമ്മിൽ വിവാഹനിശ്ചയം നടന്നതായും പോലീസ് അറിയിച്ചു. വലിയതോതിലുള്ള സ്ത്രീധനം ചോദിച്ചപ്പോൾ ഷഹന കടുത്ത മാനസിക സമ്മർദത്തിലായെന്നും ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതായാണ് സൂചന.
ഡോ.റുവൈസിനെ കസ്റ്റഡിൽ വാങ്ങാൻ വെള്ളിയാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്നും തെളിവെടുപ്പിന്റെ ഭാഗമായി അഞ്ച് ദിവസം കസ്റ്റഡിയിൽ വാങ്ങാനാണ് അപേക്ഷ സമർപ്പിക്കുകയെന്നും പോലീസ് അറിയിച്ചു. തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം പി ജി ഡോക്ടറായ റുവൈസിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. പിജി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു ഇയാൾ. ഉയർന്ന സ്ത്രീധനം നൽകാത്തതിന്റെ പേരിൽ വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹാനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.
ഷഹാനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡോ.റുവൈസ് സ്ത്രീധനം ചോദിച്ചുവെന്ന് തെളിഞ്ഞാല്‍ ഡിഗ്രി റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന് കുന്നുമ്മല്‍ അറിയിച്ചിരുന്നു.
സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങിയാണ് ആരോഗ്യ സര്‍വകലാശാല പ്രവേശനം നല്‍കുന്നത്. ഇത് തെറ്റിച്ചാല്‍ പ്രവേശനവും ഡിഗ്രിയും റദ്ദാക്കുമെന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.